Tuesday, April 12, 2011

‘ നന്മ തിങ്ങും സ്നേഹം ! ’

( വഞ്ചിപ്പാട്ട് രീതി )


അമ്മയാം ഭാരതഭൂവേ ! , ഭവതിതൻ മക്കൾ ഞങ്ങൾ
അമ്മഹാന്മാരായെഴുന്ന സോദരെയോർപ്പൂ …

എത്രനാൾകൾ വൈദേശിക ചൂഷണത്തിൽ, മർദ്ദനത്തി,-
ലെത്ര നൊന്തു ? മനം പൊട്ടിക്കഴിഞ്ഞു തായ !?

ആദിതൊട്ടുതുടങ്ങിയാൽ സ്ഥല-സമയങ്ങൾ പോരാ !
ആദിയുമന്തവുമില്ലാതായെന്നുമാകാം !!

* * * * * * * * * * * * *











ആധുനിക കാലമിങ്ങു ‘ടാഗോർ യുഗ’,മായശ്ശസ്വി
ഗീതാഞ്ജലി’യാലെ വിശ്വ ഗുരുനാഥനായ് !

അട്ടാഗോറാൽ ‘മഹാത്മാ’വെ,ന്നത്യാശ്ചര്യമുദ് ഘോഷിച്ചു
കെട്ടിപ്പുണർന്നാശിർവ്വാദമേറ്റൊരു ഗാന്ധി !

അഹിംസതൻ പടച്ചട്ടയണിഞ്ഞെത്തി ധീരനായി
അഹസ്സെന്നോ നിശയെന്നോ ഭേദമില്ലാതെ ,

അങ്കംവെട്ടി നടന്നിതു ഭാരതാംബ സ്വാതന്ത്ര്യത്തി,-
ന്നങ്കണത്തിൽ വിഹരിപ്പാൻ, വിശ്രമിക്കുവാൻ !





അനുദിനം യാത്ര ചെയ്തു വന്നു ‘ദണ്ഡി’യാഗഭൂവി, -
ലനുഗമിച്ചിതു നൂറു നൂറായിരങ്ങൾ !!

ഉപ്പുസത്യാഗ്രഹമെന്ന നൂതന സമരമുറ
ഉപ്പു സമുദ്രങ്ങൾ താണ്ടിപ്പരന്നിതെങ്ങും !



ഉപ്പുസത്യാഗ്രഹമിങ്ങു നടക്കിലു,മങ്ങു ‘സൂര്യ-
നസ്തമിക്കാതെഴും ബ്രിട്ടൻ’ കുഴഞ്ഞുപോയി !

“ഉപ്പു തിന്നുന്നവൻ വെള്ളം മോന്തു”മെന്ന സത്യമേതു,-
മപ്പോൾ മാത്രമവരോർത്തു കുഴങ്ങിപ്പോയി !!



* * * * * * * * * * * * *

കേരളത്തിൽ മലബാറിൽ നിന്നുയർന്ന മുഖ്യശബ്ദം
കേരളക്കരയാകവെ മാറ്റൊലിക്കൊണ്ടു !

‘മാതൃഭൂമി‘ത്രൈവാരികയായിരുന്നുവന്നുവരെ;
മാന്യയവളന്നുമുതൽ ദിനപ്പത്രമായ് !!

പത്രാധിപർ കേ. കേളപ്പനെന്ന ദീർഘദർശിയന്നാൾ
പയ്യന്നൂരിലൊരുക്കി നൽ സമരവേദി !!
പയ്യെയുപ്പു മലനാട്ടിലെങ്ങും വിളഞ്ഞുറഞ്ഞപ്പോൾ
പടനായകനാം ഗാന്ധി കോരിത്തരിച്ചു !

വള,മാല വിഭൂഷകൾ വൈകാരിക വായ്പ്പാലൂരി
വടകര വച്ചു നീട്ടി കൌമുദി* ബാല !!

“കൈവിട്ടതാം സമ്പത്തേക്കാളെത്രമേലെ നിന്റെ നന്മ-
തിങ്ങും സ്നേഹ”മെന്നു ചൊല്ലി ഗാന്ധിയുമപ്പോൾ !!



* കൌമുദി-
ഗാന്ധിജി വടകര വന്നു നടത്തിയ പ്രസംഗം കേട്ട് കൌമുദിയെന്ന
പെൺകുട്ടി തന്റെ ആഭരണങ്ങൾ ഊരി ഗാന്ധിജിയ്ക്ക് സംഭാവന നൽകി.
മേലിൽ ആഭരണങ്ങൾ ധരിക്കില്ലെന്നു പ്രതിജ്ഞയുമെടുത്തു !

Monday, September 13, 2010

jalakshamam



ജലക്ഷാമം !
(ഒരു പാരഡിക്കവിത)

സമരം നടക്കയാണുഗ്രമായ്, കലക്ട്രേറ്റിൻ -
സവിധേ, കുടിവെള്ളം കിട്ടുവാൻ, ടാങ്കർ വരാൻ !
നാലഞ്ചു മാസങ്ങളായ് ടാപ്പിലോ വെള്ളമില്ല ;
നാലഞ്ചുദിനങ്ങളായ് ടാങ്കറും വരുന്നില്ല !
കുട്ടികൾ, മുതിർന്നവർ, കന്യകൾ, കാർണോർമാരും
കട്ടിലിൽക്കഴിയുന്ന രോഗികൾ മുതൽ‌പ്പേരും
ഒരുമിച്ചൊടുവിലാ കുടിനീർ കിട്ടാനായി
ഒരുക്കി കലക്ട്രേറ്റിൻ പടിക്കൽ സമരവും !
നാടുഭരിക്കുന്നോരേനാടു മുടിക്കുന്നോരേ
നാവുനനയ്ക്കാൻ വെള്ളം തന്നുതാൻ മതിയാവൂ….”
സമയാസമയങ്ങൾ കൂടുമ്പോൾ കേട്ടീടുമാ-
സമരപ്പന്തലിൽനിന്നുയരും മുദ്രാവാക്യം !
* * * * * * * * * * * * * * * * * * * * * * * * *
നാവുനനയ്ക്കാൻ നാട്ടിൽ ശുദ്ധ വെള്ളമില്ലെങ്കിൽ
നാവിട്ടടിച്ചിട്ടേതുസംവാദംവിജയിപ്പാൻ ?!
മാതൃഭൂമിതൻ സ്തനം ചുരത്തും ജീവാമൃതം
മാതാവിൻ കുഞ്ഞുങ്ങൾക്കു നൽകിടാൻ ശ്രമിക്കാതെ,
രാഷ്ട്രത്തിൻ പുരോഗതിലാക്കാക്കി ഭരിക്കുന്ന
രാഷ്ട്രീയപ്പാർട്ടിക്കാരും, ഉദ്ദ്യോഗവൃന്ദങ്ങളും,
ശാസ്ത്രജ്ഞന്മാരുംവെള്ളംചന്ദ്രനിൽ തിരയുമ്പോൾ
ശാന്തം പാപമെന്നല്ലാതെന്തു നാം പറയേണ്ടൂ?!
* * * * * * * * * * * * * * * * * * * * * * * * *

നാടുഭരിക്കുന്നോരേനാടു മുടിക്കുന്നോരേ
നാവുനനയ്ക്കാൻ വെള്ളം തന്നുതാൻ മതിയാവൂ….”
സമയാസമയങ്ങൾ കൂടുമ്പോൾ കേട്ടീടുമാ-
സമരപ്പന്തലിൽനിന്നുയരും മുദ്രാവാക്യം !
* * * * * * * * * * * * * * * * * * * * * * * * *
ഒടുവിൽ കലക്ടർ തൻ കൂടെയങ്ങെത്തി മന്ത്രി ;
വടി,തോക്കുകളേന്തി പോലീസ്സുകാരും വന്നു !
ജല്പനം നടത്തുന്നോർക്കറിയില്ലല്ലൊ പണ്ട്
ജപ്പാനിൽ താൻപോയതുംപദ്ധതിപഠിച്ചതും ? !
കാര്യങ്ങൾ ഗ്രഹിക്കാതെ, വാസ്തവമറിയാതെ
ആരോപണങ്ങൾ മാത്രം തൊടുക്കും ജനങ്ങളെ
ബോധവൽക്കരിക്കുവാൻ വേദിയൊരുക്കി മന്ത്രി ;
ബാധകൾ പോലെ ചുറ്റുംസിൽബന്തിമാരും കൂടി !
ക്ഷമയറ്റുപോയൊരാ സമരക്കാരിൽ ചിലർ
ക്ഷണകോപത്താലുന്തിത്തള്ളിയോ മന്ത്രിയെത്താൻ ?
ഉടനേ,പോലീസുകാർ ലാത്തിയും വീശിയെത്തി-
ത്തുടരെത്തൊഴിക്കുവാനൊരുങ്ങി നിന്നീടുമ്പോൾ
പോലീസേ,പുല്ലേ, പോടായെന്നോതിയൊരുത്തനാ-
പോലീസ്സിൻ നേർക്കു കരിങ്കല്ലുകളെറിയവേ,
ഫയർഎന്നോതിയേമാൻ; ജലപീരങ്കി സ്റ്റാർട്ടായ് !
ഫലിതം; ജലമതിൽക്കിടന്നു ചത്തു ചിലർ !!
* * * * * * * * * * * * * * * * * * * * * * * * *
വാട്ടർ ടാങ്കറുകളും ജലപീരങ്കിയാക്കി-
മാറ്റിടാ,നെന്തു വിദ്യ? യെന്നതന്വേഷിപ്പാനായ്
ഈവരും മാസം മന്ത്രി ചർച്ചകൾക്കായ് പ്പോകുന്നു,-
ണ്ടീജിപ്റ്റിൽ, വാഷിങ്ടണിൽ, മോസ്ക്കോയിൽ പാരീസിലും!!

Monday, October 26, 2009

കേകയ ദുഃഖം














കേകയ ദുഃഖം

തന്മരുമകൾ ശ്രുതകീർത്തിതൻ മുന്നിൽ വന്നു
തന്റേടഭാവത്തോടെ ചോദിച്ചാൾ കൈകേയിയും:
സീതയാരവൾ, നിങ്ങൾ താനല്ലൊ ജനകൻ തൻ
പ്രീതരാം സുതകളെന്നാലെന്തുചെയ്തു താതൻ ?
കേട്ടീലേ രാമന്നായികൊടുത്ത മഹാധനം !
കേട്ടീലേ നിൻ ജനകനുൾപ്രേമമവളോടാം !
ആകയാലവൾക്കയാൾ നൽകിപോലറുന്നൂറു-
ആനകൾ, പിന്നെപ്പതിനായിരം രഥങ്ങളും !
വാജികൾ കാലാളുകൾ ഒരു ലക്ഷം വീതവും
വീജുവാനായിട്ടൊരു മുന്നൂറു ദാസിമാരും !
ദിവ്യമാം വസ്ത്രങ്ങളും മുത്തുമാലകൾ പിന്നെ,
ദിവ്യമാം രത്നങ്ങളും പ്രത്യേകമായിട്ടൊരു -
നൂറുകോടിക്കാഞ്ചന ദ്രവ്യഭാരങ്ങൾ, പോരെ?,-
നൂറുനൂറായിരമായ് പൊടിയുന്നുണ്ടു മനം !!
നിനക്കു തന്നതെന്തോ,ന്നെന്മകൻ ഭരതനും
നിനച്ച ധനമയാൾ തന്നിരുന്നെങ്കിൽ നൂനം
രാമനോടിന്നു വനം പൂകുവാൻ കൽ‌പ്പിക്കില്ല :
രാമപത്നിയെ സദാ വിഷമിപ്പിക്കില്ല ഞാൻ !!”



©2009 Johnson mullassery.



Tuesday, October 9, 2007

Plastic Yugam
















പ്ലാസ്റ്റിക് യുഗം!’
(തുള്ളല്‍)

എന്നാലിനിയൊരു പദ്യം ചൊല്ലാ,-
മെന്നുടെ ഗുരുവിന്നോര്‍മ്മയ്ക്കായ്
വന്നിഹ നമ്മുടെ ഭൂവില്‍ ‘പ്ലാസ്റ്റി,’-
ക്കെന്നൊരു പുതു‘യുഗ’മെന്തൊരു ദുരിതം!

നാട്ടില്‍ പ്ലാസ്റ്റിക്, വീട്ടില്‍ പ്ലാസ്റ്റിക്
റോട്ടില്‍ പ്ലാസ്റ്റിക്, തോട്ടില്‍ പ്ലാസ്റ്റിക്
ഇങ്ങനെ മണ്ണും വിണ്ണും പ്ലാസ്റ്റിക്-
ത്തിങ്ങിനിറഞ്ഞിതു മാലിന്യങ്ങള്‍ !

പ്ലാസ്റ്റിക് വീടും പ്ലാസ്റ്റിക് ഡോറും
പ്ലാസ്റ്റിക് ചെയറും, സ്റ്റൂളും മേശേം!
പ്ലാസ്റ്റിക് ചൂലും പ്ലാസ്റ്റിക് മുറവും
പ്ലാസ്റ്റിക് കയറും പ്ലാസ്റ്റിക് കിറ്റും
പ്ലാസ്റ്റിക് വേലി , പ്ലാസ്റ്റിക് കുളവും
പ്ലാസ്റ്റിക് ചെടിയും, പൂവും കായും!
പ്ലാസ്റ്റിക് ദേവന്‍! പ്ലാസ്റ്റിക് ദേവി!
പ്ലാസ്റ്റിക് ഗാന്ധി! പ്ലാസ്റ്റിക് ബുദ്ധന്‍!
പ്ലാസ്റ്റിക് ഹൃദയം! പ്ലാസ്റ്റിക് സര്‍ജ്ജന്‍!
പ്ലാസ്റ്റിക് കാലും ! പ്ലാസ്റ്റിക് കയ്യും!

ഇങ്ങനെ പോയാല്‍ നമ്മെപ്പോലും
ഇങ്ങിഹ തീര്‍ക്കാം പ്ലാസ്റ്റിക്കുകളാല്‍!
പ്ലാസ്റ്റിക് മന്ത്രി! പ്ലാസ്റ്റിക് പോലിസ് !
പ്ലാസ്റ്റിക് ഡാഡീ ! പ്ലാസ്റ്റിക് മമ്മീ !
------------------------
©2007 Johnson mullassery.

Tuesday, September 18, 2007

poru kanivodey......










പോരൂ കനിവോടെ !

[അനുഷ്ടുഭം]

മിണ്ടിയിട്ടില്ലയെങ്കിലും
കണ്ടുഞങ്ങള്‍ പരസ്പരം :
മണ്ടിയല്ലവള്‍, നല്‍ ശുദ്ധി
കൊണ്ടും വിനയമാര്‍ന്നവള്‍ .

ദാരുശില്പഭംഗിയെഴും
ചാരുശീലേ നീവരുമ്പോള്‍
ആരും മിഴിച്ചു നിന്നുപോം
താരുണ്യവതിയാണു നീ !

പാരമിന്നുനിന്നെക്ക,ണ്ട-
പാരമെന്നു നിനച്ചു ഞാന്‍ !
പാരിലന്യരറിയാ,ത-
നുരാഗം പൂത്തു ഹൃത്തിലായ് !

വരരെത്തേടി നടക്കും
വരണദ്ദാമമേന്തി നീ :
കരതാരതിന്നെന്റെ മേല്‍
തിരിയാനെന്തമാന്തമാം ?!

ആരും ഭവതിയെപ്പഴി -
ചാരും സന്ദേഹമില്ലെടൊ :
കാര്യമെന്തെന്നറിഞ്ഞേ,മ -
റ്റാരു ചൊല്‍വതും കേള്‍പ്പു ഞാന്‍ !!

നാരും പൊടിയും ചികഞ്ഞി, -
ന്നാരും ജീവിത വീഥിയില്‍
നീരും മജ്ജയും കളയാ, -
തോരും വിവേകശാലികള്‍ .

കൂറുവേണ,മല്ലേല്‍ മഴ-
ക്കാറു വീശും ജീവിതത്തില്‍
നേരും ദയവുമുണ്ടെന്നാ‍ല്‍
കാര്യമേതും നിസ്സാരമാം .

പോരും ഭവതിയുമായി-
ന്നാരും കേള്‍ക്കാതീസല്ലാപം :
പോരാം മൃത്യു നിന്‍ കൂടെ ,നീ -
പോരൂ വേഗം കനിവോടെ !
----------------------------
©2007 Johnson mullassery.

Wednesday, July 11, 2007

ഞാന്‍ കണ്ട ഓര്‍ക്കൂട്ട് !





















ഞാന്‍
കണ്ട ഓര്‍ക്കൂട്ട് !

(കേക)

രണ്ടായിരത്തിയാറാമാണ്ടിലെ നവംബറില്‍
കണ്ടു ഞാ,‘നോര്‍ക്കൂട്ടെ’ന്ന ‘ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി’

രണ്ടുപേരുണ്ടായന്നാള് ‘ഫ്രെണ്ടുലിസ് റ്റി’ലായവര്‍ -
രണ്ടുപേരുമിന്നില്ലാ ‘ഡിലീറ്റു’ ചെയ്തേന്‍ പണ്ടേ !
കേറിഞാന്‍ പലപല ‘കമ്മ്യൂണിറ്റി’കള്‍ തോറും
കോറിയിട്ടവയിങ്കല്‍ ‘ര്‍‍ഫുള്‍ കമന്റു’കള്‍ !
വേറെന്തുപറയുവാന്‍ ,നാള്‍ക്കുനാള്‍ വളര്‍ന്നേ,നി-

ന്നേറെയായ് കൂട്ടുകാരും ‘സ്ക്രാപ്പു’,മാ ‘ഫാന്‍ ’നിരയും !
(ഒന്നുഞാനോര്‍ക്കുന്നിതിന്നിടയ്ക്കു, ചിലര്‍ സ്ക്രാപ്പു-

ഒന്നുമേചെയ്യാറില്ലായെങ്കിലും കൂട്ടാളികള്‍ !!)

ഹാസ്യമേറിടും നല്ല സ്ക്രാപ്പുകള്‍, പിന്നെച്ചില-

‘പേസ്റ്റിം’ഗും, ‘ലിങ്കു’കളുമെത്രയും മനോഹരം!
തക്കാളിയേറും!, നറും സ്നേഹത്തിന്‍ പൂന്തോട്ടവും!

തല്‍ക്കാലം വായിക്കുവാന്‍ ചെറുതാം കൃതികളും!

‍ജനന വിവരവും, മരണവിവരവും,
ജയത്തിന്‍ സന്തോഷവും, ചെലവും, ‘ചാറ്റും’, ഹീ..ഹീ...

ഹാ ! വെടിവെപ്പും ,കൊലപാതകം , പീഡനവും

ഹാ! കരള് വിങ്ങീടുന്ന ‍ചതിയും, പാരവെപ്പും!!

വഞ്ചനാ വിവരവും കരച്ചില്‍ പിഴിച്ചിലും

വഞ്ചിച്ചോന്‍ പിന്നെ‘ത്തെറി’ സ്ക്രാപ്പിലങ്ങിടുന്നതും
കണ്ടു ഞാനാവോളവു ,മായവയെന്നാല്‍ തുലോം -

കണ്ടില്ലായെന്നപോലെ‘യോര്‍ക്കൂട്ടി’ല്‍ കഴിയുന്നോന്‍ !!

ആയവ സഹിച്ചാലുമാവുമോ സഹിക്കുവാന്
ആയപോലുണ്ടാക്കിയ ‘ബ്ലോഗുകള്‍ ’, ‘വെബ് പേജു’കള്‍ !!

--------------------------------------
©2007 Johnson mullassery.

Thursday, June 28, 2007

അടുക്കാറായി !

















അടുക്കാറായി !
(
വഞ്ചിപ്പാട്ട് )

ഓണക്കാലമടുക്കാറായ് ,ഓണപ്പൂക്കളിറുക്കാറായ്
ഓണത്തുമ്പിക്കോണമായി പറന്നീടാറായ് !

ചെത്തിത്തെളിച്ചുറപ്പിച്ച മുറ്റത്തത്തക്കളമിട്ടു
പുത്തന്‍പൂക്കള്‍ നെയ്തു നെയ്തു നിറച്ചതിന്മേല്‍

തിളങ്ങും വിളക്കുനന്നായ് തെളിച്ചുവച്ചതില്‍ച്ചിന്തു -
ന്നൊളിക്കൊത്ത പട്ടുസാരി ഞൊറിഞ്ഞുടുത്തും,

കണ്ണെഴുതിക്കൊണ്ടും, പൊട്ടുതൊട്ടും, ചുണ്ടുചെമപ്പിച്ചും
വര്‍ണ്ണഭംഗി നിറഞ്ഞപോല്‍ നിരന്നു ചുറ്റും,

തരിവളതിരതല്ലും കരംകൊട്ടിത്തിരിഞ്ഞാടി-
ക്കരിവേണിത്തരുണികള്‍ കളിച്ചിടാറായ് !

* * * * * * * * * * * * * * * * * * * * * * * *

തിരുവോണത്തിരുനാളില്‍ കരിക്കാടിയ്ക്കരിക്കായി
തരപ്പെടാതിരുന്നൊരു നിലയുണ്ടായി !

മേടകള്‍ പൂവിളികളാല്‍ പുളകം പൂത്തണിഞ്ഞന്നാള്‍
മാടങ്ങള്‍ പട്ടിണികൊണ്ടും തളര്‍ന്നിരുന്നു!!

ഉണ്ണാനില്ലാതുടുക്കാനില്ലെണ്ണതേയ്ക്കാനില്ലാതെയും
എണ്ണമറ്റ ജനതയീ മണ്ണോടുമണ്ണായ് !

* * * * * * * * * * * * * * * * * * * * * * * *

അന്നിലകള്‍ മാറ്റിക്കുറിച്ചിന്നുകാലം മുന്നേറുന്നു -
ണ്ടൊന്നുപോലെ ജനതതിയ്ക്കുന്മേഷമേറ്റാന്‍ !

കൊട്ടും പാട്ടും കുരവയും കളിയും പൂവിളിയതും
ഒട്ടുപേരിലൊതുങ്ങാതെ പുഷ്ടിനേടട്ടെ

സത്യമിങ്ങു പുലരട്ടെ, സമത്വത്തില്‍ വസിക്കട്ടെ,
സത്തുക്കള്‍ നിറഞ്ഞ ലോകമടുക്കാറായി !
-----------------------------
©2007 Johnson mullassery.

സമര്‍പ്പണം
















സമര്‍പ്പണം

(മഞ്ജരി)

യേശു ദേവന്നു സമര്‍പ്പിയ്ക്കയാണിതാ
കേശപാദങ്ങള്‍ കൈകൂപ്പിടുന്നേന്‍

ആശയില്ലേതിനുമെങ്കിലുമെന്നുടെ
ക്ലേശപാശത്തെയകറ്റിടേണം.

അഞ്ചപ്പം മാത്രംകൊണ്ടങ്ങന്നു പാരിതി,-
ലയ്യായിരത്തിന്‍ പശിയടക്കി!
അഞ്ചുനിമിഷംകൊണ്ടെന്നുടെയുള്ളിലെ
പഞ്ചപാപങ്ങളകറ്റവേണം!

മഗ്ദലേം നാട്ടിലെ വാരാംഗനയായ
മഗ്ദലമേരിതന്‍ മാനസത്തില്‍
സ്നിഗ്ദ്ധകാരുണ്യസയുക്തമാം ശൈലിയില്‍
മുഗ്ദ്ധഭാവങ്ങള്‍ നീ ചേര്‍ത്തീലയോ !

പാഴ്ച്ചളിവെള്ളവും മുന്തിരിനീരാകും
വാഴ്ത്തിയാലങ്ങേക്കരങ്ങളാലേ !
താഴ്ത്തുക മാമകവുത്തമാംഗത്തെയും
വാഴ്ത്തുവാന്‍ താവക പാദങ്ങളെ !!

ആഴിപ്പരപ്പിന്നഗാധതയുമങ്ങേ, -
യ്ക്കൂഴിയിലെപ്പുല്‍ത്തകിടിപോലെ !
ഏഴകള്‍ ഞങ്ങളെക്കാത്തു രക്ഷിക്കുവാന്‍
വാഴുക വാഴുക മാനസത്തില്‍ !

പെട്ടിനിറച്ചു കനകമുണ്ടാകിലും

മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചാലും
ഒട്ടകം സൂചിക്കുഴതന്നില്‍ നൂണാലു,-
മൊട്ടുമേ സാദ്ധ്യമോ സ്വര്‍ഗ്ഗം പൂകാന്‍ ?

‘വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുന്നു’
വാളിനെക്കാള്‍ ശക്തം തദ്വാക്യങ്ങള്‍ !
മാളിക വാസികളന്നു ഭവാന്‍ കുറ്റ-
വാളിയാണെന്നും വിധിയെഴുതി !!

കണ്ണില്‍ക്കിടക്കും കരടുകള്‍ കാണുന്നു
കണ്ണില്‍ ഹാ! വന്മരമേന്തിടുന്നോര്‍ !
വിണ്ണിലെ നായക താവക രാജ്യത്തെ
മണ്ണിതില്‍ തീര്‍ക്കുവാന്‍ വൈകിടാമോ?
------------------------------
©2007 Johnson mullassery.

Wednesday, June 27, 2007

നവരസങ്ങള്‍ ( കവിതാ സമാഹാരം )
















"കരുതുക കൃതിയല്ലിതെന്നു,പിന്നെ-

ക്കരുതുകയിക്കൃതി ഭോഷ്ക്കുതന്നെയെന്നും
കരവിരുതധികം തികഞ്ഞിടാത്ത
ഒരു കവിതന്‍ ഹൃദയം രചിച്ചതായും !"
-----------------------------
©2007 Johnson mullassery.