Thursday, June 28, 2007

അടുക്കാറായി !

















അടുക്കാറായി !
(
വഞ്ചിപ്പാട്ട് )

ഓണക്കാലമടുക്കാറായ് ,ഓണപ്പൂക്കളിറുക്കാറായ്
ഓണത്തുമ്പിക്കോണമായി പറന്നീടാറായ് !

ചെത്തിത്തെളിച്ചുറപ്പിച്ച മുറ്റത്തത്തക്കളമിട്ടു
പുത്തന്‍പൂക്കള്‍ നെയ്തു നെയ്തു നിറച്ചതിന്മേല്‍

തിളങ്ങും വിളക്കുനന്നായ് തെളിച്ചുവച്ചതില്‍ച്ചിന്തു -
ന്നൊളിക്കൊത്ത പട്ടുസാരി ഞൊറിഞ്ഞുടുത്തും,

കണ്ണെഴുതിക്കൊണ്ടും, പൊട്ടുതൊട്ടും, ചുണ്ടുചെമപ്പിച്ചും
വര്‍ണ്ണഭംഗി നിറഞ്ഞപോല്‍ നിരന്നു ചുറ്റും,

തരിവളതിരതല്ലും കരംകൊട്ടിത്തിരിഞ്ഞാടി-
ക്കരിവേണിത്തരുണികള്‍ കളിച്ചിടാറായ് !

* * * * * * * * * * * * * * * * * * * * * * * *

തിരുവോണത്തിരുനാളില്‍ കരിക്കാടിയ്ക്കരിക്കായി
തരപ്പെടാതിരുന്നൊരു നിലയുണ്ടായി !

മേടകള്‍ പൂവിളികളാല്‍ പുളകം പൂത്തണിഞ്ഞന്നാള്‍
മാടങ്ങള്‍ പട്ടിണികൊണ്ടും തളര്‍ന്നിരുന്നു!!

ഉണ്ണാനില്ലാതുടുക്കാനില്ലെണ്ണതേയ്ക്കാനില്ലാതെയും
എണ്ണമറ്റ ജനതയീ മണ്ണോടുമണ്ണായ് !

* * * * * * * * * * * * * * * * * * * * * * * *

അന്നിലകള്‍ മാറ്റിക്കുറിച്ചിന്നുകാലം മുന്നേറുന്നു -
ണ്ടൊന്നുപോലെ ജനതതിയ്ക്കുന്മേഷമേറ്റാന്‍ !

കൊട്ടും പാട്ടും കുരവയും കളിയും പൂവിളിയതും
ഒട്ടുപേരിലൊതുങ്ങാതെ പുഷ്ടിനേടട്ടെ

സത്യമിങ്ങു പുലരട്ടെ, സമത്വത്തില്‍ വസിക്കട്ടെ,
സത്തുക്കള്‍ നിറഞ്ഞ ലോകമടുക്കാറായി !
-----------------------------
©2007 Johnson mullassery.

3 comments:

Joyce said...

Mashe, very nice. Keep going. Will keep checking for more. CONGRATS..!!!
joyce george

ഷംസ്-കിഴാടയില്‍ said...

നന്നായി മാഷേ...
ഇനി ആ പാത്രത്തിലുള്ളതൊക്കെ ഇങ്ങോട്ട് പോന്നോട്ടെ....

Unknown said...

nice mashey........
ini oru mazha kavitha koodi..