‘ നന്മ തിങ്ങും സ്നേഹം ! ’
( വഞ്ചിപ്പാട്ട് രീതി )
അമ്മയാം ഭാരതഭൂവേ ! , ഭവതിതൻ മക്കൾ ഞങ്ങൾ
അമ്മഹാന്മാരായെഴുന്ന സോദരെയോർപ്പൂ …
എത്രനാൾകൾ വൈദേശിക ചൂഷണത്തിൽ, മർദ്ദനത്തി,-
ലെത്ര നൊന്തു ? മനം പൊട്ടിക്കഴിഞ്ഞു തായ !?
ആദിതൊട്ടുതുടങ്ങിയാൽ സ്ഥല-സമയങ്ങൾ പോരാ !
ആദിയുമന്തവുമില്ലാതായെന്നുമാകാം !!
* * * * * * * * * * * * *
ആധുനിക കാലമിങ്ങു ‘ടാഗോർ യുഗ’,മായശ്ശസ്വി
ഗീതാഞ്ജലി’യാലെ വിശ്വ ഗുരുനാഥനായ് !
അട്ടാഗോറാൽ ‘മഹാത്മാ’വെ,ന്നത്യാശ്ചര്യമുദ് ഘോഷിച്ചു
കെട്ടിപ്പുണർന്നാശിർവ്വാദമേറ്റൊരു ഗാന്ധി !
അഹിംസതൻ പടച്ചട്ടയണിഞ്ഞെത്തി ധീരനായി
അഹസ്സെന്നോ നിശയെന്നോ ഭേദമില്ലാതെ ,
അങ്കംവെട്ടി നടന്നിതു ഭാരതാംബ സ്വാതന്ത്ര്യത്തി,-
ന്നങ്കണത്തിൽ വിഹരിപ്പാൻ, വിശ്രമിക്കുവാൻ !
അനുദിനം യാത്ര ചെയ്തു വന്നു ‘ദണ്ഡി’യാഗഭൂവി, -
ലനുഗമിച്ചിതു നൂറു നൂറായിരങ്ങൾ !!
ഉപ്പുസത്യാഗ്രഹമെന്ന നൂതന സമരമുറ
ഉപ്പു സമുദ്രങ്ങൾ താണ്ടിപ്പരന്നിതെങ്ങും !
ഉപ്പുസത്യാഗ്രഹമിങ്ങു നടക്കിലു,മങ്ങു ‘സൂര്യ-
നസ്തമിക്കാതെഴും ബ്രിട്ടൻ’ കുഴഞ്ഞുപോയി !
“ഉപ്പു തിന്നുന്നവൻ വെള്ളം മോന്തു”മെന്ന സത്യമേതു,-
മപ്പോൾ മാത്രമവരോർത്തു കുഴങ്ങിപ്പോയി !!
* * * * * * * * * * * * *
കേരളത്തിൽ മലബാറിൽ നിന്നുയർന്ന മുഖ്യശബ്ദം
കേരളക്കരയാകവെ മാറ്റൊലിക്കൊണ്ടു !
‘മാതൃഭൂമി‘ത്രൈവാരികയായിരുന്നുവന്നുവരെ;
മാന്യയവളന്നുമുതൽ ദിനപ്പത്രമായ് !!
പത്രാധിപർ കേ. കേളപ്പനെന്ന ദീർഘദർശിയന്നാൾ
പയ്യന്നൂരിലൊരുക്കി നൽ സമരവേദി !!
പയ്യെയുപ്പു മലനാട്ടിലെങ്ങും വിളഞ്ഞുറഞ്ഞപ്പോൾ
പടനായകനാം ഗാന്ധി കോരിത്തരിച്ചു !
വള,മാല വിഭൂഷകൾ വൈകാരിക വായ്പ്പാലൂരി
വടകര വച്ചു നീട്ടി കൌമുദി* ബാല !!
“കൈവിട്ടതാം സമ്പത്തേക്കാളെത്രമേലെ നിന്റെ നന്മ-
തിങ്ങും സ്നേഹ”മെന്നു ചൊല്ലി ഗാന്ധിയുമപ്പോൾ !!
* കൌമുദി-
ഗാന്ധിജി വടകര വന്നു നടത്തിയ പ്രസംഗം കേട്ട് കൌമുദിയെന്ന
പെൺകുട്ടി തന്റെ ആഭരണങ്ങൾ ഊരി ഗാന്ധിജിയ്ക്ക് സംഭാവന നൽകി.
മേലിൽ ആഭരണങ്ങൾ ധരിക്കില്ലെന്നു പ്രതിജ്ഞയുമെടുത്തു !









No comments:
Post a Comment