Thursday, June 28, 2007

സമര്‍പ്പണം
















സമര്‍പ്പണം

(മഞ്ജരി)

യേശു ദേവന്നു സമര്‍പ്പിയ്ക്കയാണിതാ
കേശപാദങ്ങള്‍ കൈകൂപ്പിടുന്നേന്‍

ആശയില്ലേതിനുമെങ്കിലുമെന്നുടെ
ക്ലേശപാശത്തെയകറ്റിടേണം.

അഞ്ചപ്പം മാത്രംകൊണ്ടങ്ങന്നു പാരിതി,-
ലയ്യായിരത്തിന്‍ പശിയടക്കി!
അഞ്ചുനിമിഷംകൊണ്ടെന്നുടെയുള്ളിലെ
പഞ്ചപാപങ്ങളകറ്റവേണം!

മഗ്ദലേം നാട്ടിലെ വാരാംഗനയായ
മഗ്ദലമേരിതന്‍ മാനസത്തില്‍
സ്നിഗ്ദ്ധകാരുണ്യസയുക്തമാം ശൈലിയില്‍
മുഗ്ദ്ധഭാവങ്ങള്‍ നീ ചേര്‍ത്തീലയോ !

പാഴ്ച്ചളിവെള്ളവും മുന്തിരിനീരാകും
വാഴ്ത്തിയാലങ്ങേക്കരങ്ങളാലേ !
താഴ്ത്തുക മാമകവുത്തമാംഗത്തെയും
വാഴ്ത്തുവാന്‍ താവക പാദങ്ങളെ !!

ആഴിപ്പരപ്പിന്നഗാധതയുമങ്ങേ, -
യ്ക്കൂഴിയിലെപ്പുല്‍ത്തകിടിപോലെ !
ഏഴകള്‍ ഞങ്ങളെക്കാത്തു രക്ഷിക്കുവാന്‍
വാഴുക വാഴുക മാനസത്തില്‍ !

പെട്ടിനിറച്ചു കനകമുണ്ടാകിലും

മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിച്ചാലും
ഒട്ടകം സൂചിക്കുഴതന്നില്‍ നൂണാലു,-
മൊട്ടുമേ സാദ്ധ്യമോ സ്വര്‍ഗ്ഗം പൂകാന്‍ ?

‘വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുന്നു’
വാളിനെക്കാള്‍ ശക്തം തദ്വാക്യങ്ങള്‍ !
മാളിക വാസികളന്നു ഭവാന്‍ കുറ്റ-
വാളിയാണെന്നും വിധിയെഴുതി !!

കണ്ണില്‍ക്കിടക്കും കരടുകള്‍ കാണുന്നു
കണ്ണില്‍ ഹാ! വന്മരമേന്തിടുന്നോര്‍ !
വിണ്ണിലെ നായക താവക രാജ്യത്തെ
മണ്ണിതില്‍ തീര്‍ക്കുവാന്‍ വൈകിടാമോ?
------------------------------
©2007 Johnson mullassery.

2 comments:

RahShaNa said...

Good start Mashay. Keep going and may this space become an example of Malayalam poetry.

Unknown said...

hm ellatahram stylum kaiyyilundalle.......