
ജലക്ഷാമം !
(ഒരു പാരഡിക്കവിത)
സമരം നടക്കയാണുഗ്രമായ്, കലക്ട്രേറ്റിൻ -
സവിധേ, കുടിവെള്ളം കിട്ടുവാൻ, ടാങ്കർ വരാൻ !
നാലഞ്ചു മാസങ്ങളായ് ടാപ്പിലോ വെള്ളമില്ല ;
നാലഞ്ചുദിനങ്ങളായ് ടാങ്കറും വരുന്നില്ല !
കുട്ടികൾ, മുതിർന്നവർ, കന്യകൾ, കാർണോർമാരും
കട്ടിലിൽക്കഴിയുന്ന രോഗികൾ മുതൽപ്പേരും
ഒരുമിച്ചൊടുവിലാ കുടിനീർ കിട്ടാനായി
ഒരുക്കി കലക്ട്രേറ്റിൻ പടിക്കൽ സമരവും !
“നാടുഭരിക്കുന്നോരേ… നാടു മുടിക്കുന്നോരേ…
നാവുനനയ്ക്കാൻ വെള്ളം തന്നുതാൻ മതിയാവൂ….”
സമയാസമയങ്ങൾ കൂടുമ്പോൾ കേട്ടീടുമാ-
സമരപ്പന്തലിൽനിന്നുയരും മുദ്രാവാക്യം !
* * * * * * * * * * * * * * * * * * * * * * * * *
നാവുനനയ്ക്കാൻ നാട്ടിൽ ശുദ്ധ വെള്ളമില്ലെങ്കിൽ
നാവിട്ടടിച്ചിട്ടേതു ‘സംവാദം’ വിജയിപ്പാൻ ?!
മാതൃഭൂമിതൻ സ്തനം ചുരത്തും ജീവാമൃതം
മാതാവിൻ കുഞ്ഞുങ്ങൾക്കു നൽകിടാൻ ശ്രമിക്കാതെ,
‘രാഷ്ട്രത്തിൻ പുരോഗതി‘ ലാക്കാക്കി ഭരിക്കുന്ന
രാഷ്ട്രീയപ്പാർട്ടിക്കാരും, ഉദ്ദ്യോഗവൃന്ദങ്ങളും,
ശാസ്ത്രജ്ഞന്മാരും ‘വെള്ളം‘ ചന്ദ്രനിൽ തിരയുമ്പോൾ
‘ശാന്തം പാപ‘മെന്നല്ലാതെന്തു നാം പറയേണ്ടൂ?!
* * * * * * * * * * * * * * * * * * * * * * * * *

“നാടുഭരിക്കുന്നോരേ… നാടു മുടിക്കുന്നോരേ…
നാവുനനയ്ക്കാൻ വെള്ളം തന്നുതാൻ മതിയാവൂ….”
സമയാസമയങ്ങൾ കൂടുമ്പോൾ കേട്ടീടുമാ-
സമരപ്പന്തലിൽനിന്നുയരും മുദ്രാവാക്യം !
* * * * * * * * * * * * * * * * * * * * * * * * *
ഒടുവിൽ കലക്ടർ തൻ കൂടെയങ്ങെത്തി മന്ത്രി ;
വടി,തോക്കുകളേന്തി പോലീസ്സുകാരും വന്നു !
ജല്പനം നടത്തുന്നോർക്കറിയില്ലല്ലൊ പണ്ട്
ജപ്പാനിൽ താൻപോയതും ‘പദ്ധതി‘പഠിച്ചതും ? !
കാര്യങ്ങൾ ഗ്രഹിക്കാതെ, വാസ്തവമറിയാതെ
ആരോപണങ്ങൾ മാത്രം തൊടുക്കും ജനങ്ങളെ
ബോധവൽക്കരിക്കുവാൻ വേദിയൊരുക്കി മന്ത്രി ;
ബാധകൾ പോലെ ചുറ്റും ‘സിൽബന്തി‘മാരും കൂടി !
ക്ഷമയറ്റുപോയൊരാ സമരക്കാരിൽ ചിലർ
ക്ഷണകോപത്താലുന്തിത്തള്ളിയോ മന്ത്രിയെത്താൻ ?
ഉടനേ,പോലീസുകാർ ലാത്തിയും വീശിയെത്തി-
ത്തുടരെത്തൊഴിക്കുവാനൊരുങ്ങി നിന്നീടുമ്പോൾ
“പോലീസേ,പുല്ലേ, പോടാ” യെന്നോതിയൊരുത്തനാ-
പോലീസ്സിൻ നേർക്കു കരിങ്കല്ലുകളെറിയവേ,
“ഫയർ” എന്നോതിയേമാൻ; ജലപീരങ്കി സ്റ്റാർട്ടായ് !
ഫലിതം; ജലമതിൽക്കിടന്നു ചത്തു ചിലർ !!
* * * * * * * * * * * * * * * * * * * * * * * * *
‘വാട്ടർ ടാങ്ക‘റുകളും ജലപീരങ്കിയാക്കി-
മാറ്റിടാ,നെന്തു വിദ്യ? യെന്നതന്വേഷിപ്പാനായ്
ഈവരും മാസം മന്ത്രി ചർച്ചകൾക്കായ് പ്പോകുന്നു,-
ണ്ടീജിപ്റ്റിൽ, വാഷിങ്ടണിൽ, മോസ്ക്കോയിൽ പാരീസിലും!!



